
എന്നുകാണും നമ്മൾ
- M.B. Padmakumar
- Nov 8
- 1 min read
രാവിലെ വാട്സ്ആപ്പിൽ ഒരു സുഹൃത്തിന്റെ സന്ദേശം: "എന്നുകാണും നമ്മൾ?"
ഞാൻ അവർക്കയക്കുന്ന ഓരോ സന്ദേശത്തിലും അവരെ കാണുന്നു. ഓർക്കുന്ന ഓരോ നിമിഷത്തിലും അവരെ അനുഭവിക്കുന്നു.
കണ്ണുകൊണ്ട് കാണുന്നതല്ലല്ലോ കാഴ്ച. ദൈവത്തെ നാം കാണുന്നത് ബാഹ്യമായ കണ്ണുകൊണ്ടല്ലല്ലോ.
ഞാൻ അവർക്കയക്കുന്ന ഓരോ സന്ദേശത്തിലും അവരെ കാണുന്നു. ഓർക്കുന്ന ഓരോ നിമിഷത്തിലും അവരെ അനുഭവിക്കുന്നു.
ഹരിനാമകീർത്തനത്തിൽ എഴുത്തച്ഛൻ പറയുന്ന ഒരു ഭാഗമുണ്ട്:
അർക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു കണ്ണായിരുന്ന പൊരുൾ താനെന്നുറയ്ക്കുമള,വാനന്ദമെന്തു ഹരി നാരായണായ നമഃ
സൂര്യന്റെയും അഗ്നിയുടെയും വെളിച്ചത്തെയും തിരിച്ചറിയുന്ന ഈ ബാഹ്യകണ്ണിന് കാഴ്ച നൽകുന്നത് മനമാകുന്ന കണ്ണാണ്. ആ മനക്കണ്ണിന് രൂപമില്ല, ഭാവമില്ല, പക്ഷേ അതാണ് അനുഭവത്തിന്റെ വാതിൽ.
അനുഭവം തന്നെയാണ് ജീവിതത്തിന്റെ വഴികാട്ടി.
'രൂപാന്തരം' എന്ന എന്റെ സിനിമയിൽ ഞാൻ കൈകാര്യം ചെയ്തതും ഈ വിഷയമാണ്. എന്നാൽ, പലരും ആ സിനിമ കണ്ടത് ബാഹ്യമായ കണ്ണുകൊണ്ടാണ്. മനക്കണ്ണുകൊണ്ട് രൂപാന്തരം അനുഭവിച്ചവർക്ക് ആ സിനിമ അവരുടെ ഉള്ളിന്റെ ഭാഗമായി മാറി.
കാണേണ്ടതിനെ കാണേണ്ട രീതിയിൽ കാണണമെങ്കിൽ, കാഴ്ച മനക്കണ്ണിലൂടെയായിരിക്കണം.
ഇന്നത്തെ ലോകത്തിൽ മിക്ക കാഴ്ചകളും ബാഹ്യകണ്ണിനെ മാത്രമേ തൃപ്തിപ്പെടുത്തുന്നുള്ളൂ. സ്പർശങ്ങൾ തൊലിയുടെ അറ്റത്തുതന്നെ നിലയ്ക്കുന്നു. അവിടെയാണ് ബന്ധങ്ങൾ തകരുന്നത്.
ബന്ധങ്ങൾ നിലനിൽക്കണമെങ്കിൽ, കാഴ്ച ആന്തരികമാകണം. ബന്ധങ്ങളെ അനുഭവങ്ങളാക്കണം.
പ്രിയ സുഹൃത്തേ, ഞാൻ നിങ്ങളെ കാണുന്നുണ്ട്. അനുഭവിക്കുന്നുണ്ട്. എൻ്റെ ഉള്ളിലുള്ളതെല്ലാം എൻ്റേതാണ്. അത് ഞാനാണ്. നിങ്ങളും…..
നല്ലൊരു ദിവസമാകട്ടെ.






Comments