The Solace Born of Pain
ഒരുപാട് വേദനിച്ചതുകൊണ്ടാവാം സന്തോഷത്തേക്കാളേറെ ആശ്വാസമാണ് തോന്നുന്നത്. ‘മൈ ലൈഫ് പാർട്ടണർ’ സംബന്ധിച്ച ഓർമ്മകൾ...
അഭിനന്ദനങ്ങൾക്ക് നന്ദി.
ഒരുപാട് വേദനിച്ചതുകൊണ്ടാവാം സന്തോഷത്തേക്കാളേറെ ആശ്വാസമാണ് തോന്നുന്നത്. പ്രസവം കഴിഞ്ഞ് ശ്വാസം കിട്ടാതെ കുഞ്ഞിനേയും പേറി അമ്മ പലരുടേയും പടിവാതിലിൽ മുട്ടുന്നതുപോലെ ഞാനും അലഞ്ഞു, കഴിഞ്ഞ ഒന്നര വർഷം. അവഗണിച്ചത് മാത്രമല്ല, പ്രചോദനമായി നിന്നവർ പോലും അവസാന നാളുകളിൽ കുറ്റപ്പെടുത്തി. ആത്മവീര്യം ചോർന്നുപോകാതെ ഞാൻ പിടിച്ച് നിന്നത് സിനിമയോടുള്ള സത്യസന്ധമായ എന്റെ സമീപനത്തിന്റെ ശക്തിയിലാണ്. ആൽക്കമിസ്റ്റിൽ പറയുന്നതുപോലെ “And, when you want something, all the universe conspires in helping you to achieve it” (ഉറച്ച ഏതാഗ്രഹവും ലോകം നമ്മളിൽ എത്തിക്കും) എന്നത് എന്റെ ജീവിതത്തിലും സത്യമായി.
‘മൈ ലൈഫ് പാർട്ടണർ’ ഉദാത്തമായ സൃഷ്ടി ആണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ സത്യസന്ധമായ സിനിമയോടുള്ള സമീപനം ഈ സൃഷ്ടിയിലുണ്ട്. വ്യത്യസ്തത ജീവിതത്തിന്റെ ഭാഗമായതുകൊണ്ടാവാം സിനിമക്ക് തിരഞ്ഞെടുത്ത വിഷയവും വ്യത്യസ്തമായത്. സ്വവർഗ്ഗപ്രണയം സിനിമയുടെ വിഷയം മാത്രമാണ്; എന്നാൽ സിനിമ സഞ്ചരിക്കുന്നത് സ്വവർഗ്ഗ പ്രണയികളുടെ വൈകാരികതലങ്ങളിൽ കൂടിയല്ല, മറിച്ച് വ്യക്തിബന്ധങ്ങളിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ചലനങ്ങളിലൂടെയാണ്. ലൈംഗികതയുടെ “അടഞ്ഞ ശബ്ദം” സിനിമയിലെങ്ങും കേൾക്കാൻ പറ്റില്ല. തുറന്നിട്ട വാതിലിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ചിത്രീകരണവേളകളിൽ നേരിടേണ്ടി വന്ന ചില സമ്മർദ്ദങ്ങളില്ലാതിരുന്നുവെങ്കിൽ സിനിമ കൂടുതൽ ഭംഗിയാക്കാമായിരുന്നു എന്ന തോന്നൽ.
താരങ്ങൾക്ക് വേണ്ടി ‘മൈ ലൈഫ് പാർട്ടണർ’ ഞാൻ എഴുതിയിട്ടില്ല. കഥാപാത്രങ്ങൾ ചില താരങ്ങളിൽ ഭദ്രമാകുമെന്ന തോന്നലിൽ പലരേയും സമീപിച്ച് നോക്കി. അവരുടെ സമയവും സാഹചര്യവും അനുകൂലമല്ലാത്തതിനാൽ ആരും തയ്യാറായില്ല. കഥാപാത്രങ്ങളെ ജയസൂര്യ എന്ന നടൻ സമീപിക്കുന്നത് എന്നെ ആകർഷിച്ചിട്ടുള്ളതുകൊണ്ടാവാം, അദ്ദേഹത്തെ ഞാൻ കൂടുതൽ സമീപിച്ചത്. സാഹചര്യങ്ങളാൽ ജയസൂര്യ ഒഴിവാക്കിയ മൈ ലൈഫ് പാർട്ടണറിലെ “കിരൺ” അവാർഡിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയത് കഴിവിന്റെ മാനദണ്ഡം ഉപയോഗിച്ചാവില്ല, കഥാപാത്രത്തിന്റെ ശക്തി കൊണ്ടാവാം.
സുദേവ് അനുസരണയുള്ള നടനാണ്. കഥാപാത്രങ്ങൾക്ക് വേണ്ടി ജീവിക്കുന്ന വലിയ കലാകാരൻ. സുദേവ് അവതരിപ്പിച്ച കിരൺ എന്ന കഥാപാത്രത്തിന് ശക്തി പകർന്നത് അമീർ അവതരിപ്പിച്ച റിച്ചാർഡും അനൂശ്രീയിൽ ഭദ്രമായ പവിത്രയുമാണ്. സുരേഷ് മറുകരയിൽ എനിക്ക് കാട്ടിത്തന്ന നിർമ്മാതാവ് റെജിമോൻ കപ്പപ്പറമ്പിൽ തന്ന ധൈര്യമാണ് മൈ ലൈഫ് പാർട്ടണറിന്റെ വിജയം. അണിയറ പ്രവർത്തകരെക്കുറിച്ച് എടുത്ത് പറയുന്നില്ല. എല്ലാ മേഖലകളിലും സൂക്ഷ്മമായി പ്രവർത്തിച്ച അവരുമാണ് ഈ വിജയത്തിന് പിന്നിൽ. പേരുചേർക്കാതെ വിട്ടുപോയത് ലാലീഷിന്റെ മാത്രമാണ്. ക്ഷമിക്കുക.
മനസ്സിൽ തോന്നിയത് ആരോടും പറയാനില്ലാതെ വന്നപ്പോൾ എഴുതിയ ബ്ലോഗിൽ എന്റെ മനസ്സുണ്ട്. ശ്വാസം തിരിച്ചുകിട്ടിയ കുഞ്ഞിനെ നിലത്തു നിർത്തുന്നു. മറ്റൊരു വ്യത്യസ്തമായ സൃഷ്ടിയുടെ പണിപ്പുരയിലേക്ക് കടക്കുകയാണ്. ഒരിക്കൽ കൂടി നന്ദി. എല്ലാവരും ഒപ്പമുണ്ടാവണമെന്ന പ്രാർത്ഥനയും.