Remembering Lohithadas: Five Years Since His Departure
മലയാള സിനിമക്ക് അസ്തിത്വം നൽകിയ കലാകാരന്മാരിൽ ഒരാളായിരുന്നു ശ്രീ. ലോഹിതദാസ്. സ്വയം കച്ചവടമാക്കാൻ കഴിയാതെപോയ ആ സാധാരണ മനുഷ്യൻ...
ശ്രീ. ലോഹിതദാസ്.
മലയാള സിനിമക്ക് അസ്തിത്വം നൽകിയ കലാകാരന്മാരിൽ ഒരാളായിരുന്നു ശ്രീ. ലോഹിതദാസ്. സ്വയം കച്ചവടമാക്കാൻ കഴിയാതെപോയ ആ സാധാരണ മനുഷ്യൻ മലയാളത്തിന് ഓർമ്മയായിട്ട് അഞ്ചു വർഷം തികയുന്നു.
സിനിമ പഠിക്കുവാനാണ് ഞാൻ അദ്ദേഹത്തെ സമീപിച്ചത്. പക്ഷേ എന്നെ തിരഞ്ഞെടുത്തത് ഒരു നടനായിട്ടായിരുന്നു. സിനിമാ സംവിധായകനെക്കാളെന്നെ സ്വാധീനിച്ചത് അദ്ദേഹത്തിന്റെ എഴുത്തിന്റെ ലോകമായിരുന്നു. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളോരോന്നും ഇന്നത്തെ സമൂഹത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളാണ്. അമരാവതിയിലേക്ക് പടികടന്നെത്തിയ ഓരോ കഥാപാത്രങ്ങളും തിരശ്ശീലയിൽ നിന്നുമിറങ്ങി നമ്മുടെ മുൻപിൽ ഇപ്പോഴും ജീവിക്കുന്നു. അനുഭവങ്ങളാണ് കലാകാരന്റെ സൃഷ്ടികളുടെ ഉറവിടം എന്നതിന്റെ ഉത്തമോദാഹരണമാണ് ശ്രീ. ലോഹിതദാസ് എന്ന മനുഷ്യനും അദ്ദേഹത്തിന്റെ സൃഷ്ടികളും. ഒപ്പം യാത്ര ചെയ്യുവാനും ചടങ്ങുകളിൽ പങ്കെടുക്കുവാനും എനിക്കും ധാരാളം അവസരങ്ങൾ വീണുകിട്ടിയിട്ടുണ്ട്. കൊല്ലത്തിനടുത്ത് മയ്യനാട് എന്ന സ്ഥലത്ത് നടന്ന ഒരു സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ ദിവസവും ഞാനൊപ്പമുണ്ടായിരുന്നു. പണ്ഡിതശ്രേഷ്ഠന്മാരുടെ അരികിലായി ലോഹി സാറിനും ഇരുന്നു. ഒരു സിനിമാക്കാരൻ എന്ന പരിഗണനയിലാണ് അദ്ദേഹത്തെ പലരും നോക്കിയത്. “ഈ സദസ്സിൽ ഒരു സിനിമാക്കാരൻ ആത്മീയതയെപ്പറ്റി സംസാരിക്കാൻ എന്തവകാശം എന്ന് തോന്നുന്നവരുമിവിടെ ഉണ്ടാവാം” എന്ന ആമുഖത്തോടെയുള്ള പ്രസംഗം, ആത്മീയതയുടെ വക്താക്കൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ വായടപ്പിച്ചു എന്നതാണ് സത്യം. ശേഷം എത്തിയ സന്യാസശ്രേഷ്ഠൻ പറഞ്ഞത്, ഈ വിജ്ഞാനസാഗരത്തിനു മുൻപിൽ തനിക്കൊന്നും പറയാനില്ലെന്നാണ്. കടമെടുക്കാത്ത ആശയങ്ങളായിരുന്നു അദ്ദേഹത്തിൽ നിന്നും പ്രവഹിച്ചത്.
അവസാനം സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തതുകൊണ്ടാവാം എന്നോടും ഭാമയോടും സാറിന് ഒരു പ്രത്യേക മമത ഉണ്ടായിരുന്നു. അമരാവതിയിൽ അദ്ദേഹത്തിന്റെ സ്വകാര്യ നിമിഷങ്ങളിൽ പോലും ഒപ്പമിരിക്കുവാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. മഴയെ ശപിച്ച് ജീവിച്ചിരുന്ന ഒരു കുട്ടിക്കാലമായതു കൊണ്ടാവാം, നാലു പുറവും ഒഴുകിമാറുന്ന മഴയുടെ കീഴിൽ സുരക്ഷിതനായി ഇരിക്കുമ്പോൾ, ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ചതിന്റെ ചിരി അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു.
പടികടന്നു വരുവാൻ ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ബാക്കി നിൽക്കുമ്പോൾ, ഇടവഴിയിൽ ഞാനും നിൽക്കുന്നു. കേട്ടുതീരാതെ, പറഞ്ഞു തീരാതെ ഒരുപാട് പേരിലൊരാൾ. ആ മഹാപ്രതിഭയുടെ ഓർമ്മകൾക്ക് മുൻപിൽ ഞാൻ സാഷ്ടാംഗം നമസ്കരിക്കുന്നു.