← Back to Blog & Journal•News & Updates
NewsJuly 8, 20133 min read

Sincerely, Fear: Facing the Inner Adversary

By M. B. Padmakumar

ഭയം, സർവ്വശക്തിയുമെടുത്ത് കുതിക്കാൻ ശ്രമിക്കുമ്പോൾ പിന്നാക്കം വലിക്കുന്ന ആസുര ശക്തി...

ഭയം, സർവ്വശക്തിയുമെടുത്ത് കുതിക്കാൻ ശ്രമിക്കുമ്പോൾ പിന്നാക്കം വലിക്കുന്ന ആസുര ശക്തി. ജ്യോതിഷനോ പൂജാരിക്കോ ഭിഷഗ്വരനോ ആർക്കും പരാജയത്തിന്റെ ഉറവിടം കണ്ടെത്തിത്തരാൻ കഴിഞ്ഞെന്നു വരില്ല. ബാഹ്യശക്തികളുടെ സ്വാധീനത്താൽ മനസ്സ് സൃഷ്ടിക്കുന്ന സംഹാരരൂപമാണ് ഭയം. മനസ്സിനേയും ശരീരത്തേയും കടിഞ്ഞാണിട്ട്, പഞ്ചേന്ദ്രിയങ്ങളെ ആജ്ഞാനുവർത്തികളാക്കി തിമിർത്താടുന്ന ഭയം മാത്രമാണ് എല്ലാ പരാജയത്തിന്റെയും മൂലകാരണം. ഒരിക്കൽ ഭയത്തെ തിരിച്ചറിഞ്ഞാൽ പിന്നെ സ്വയരക്ഷക്കായി ഒരോട്ടമാണ്. മദ്യം, മയക്കുമരുന്ന്, വ്യഭിചാരം, കൊലപാതകം തുടങ്ങി സർവ്വ തിന്മകളിലും കൊണ്ടെത്തിക്കുന്നത് അലറിവിളിച്ച് പിന്നാക്കം വരുന്ന ഭയമാണ്. എത്ര ഓടിത്തളർന്നാലും പിടിവിടാതെ പിന്തുടർന്നുകൊണ്ടേയിരിക്കും. മരണം ഒരവസാന വാക്കല്ല, മരണത്തിനപ്പുറത്ത് ഒരു ലോകമുണ്ടെങ്കിൽ അവിടേയും എത്തും അവൻ.

പരാജയത്തിന്റെ കയ്പ്പറിഞ്ഞുകൊണ്ടിരിക്കുന്ന ഓരോരുത്തരും ഉണരേണ്ട സമയമായി, ഇവിടെ നാം ഒറ്റക്കാണ്. ശത്രുവിനെ നേരിടാൻ നാം തനിച്ചാണ്. നാം ഒരുപാട് ദൂരം പിന്നിട്ടുകഴിഞ്ഞു. കൂടെ ഉണ്ടായിരുന്നവർ ഒരുപാട് പിന്നിലാണ്. ഒന്നു തിരിഞ്ഞു നിൽക്കൂ. ജീവിതത്തെ വിരട്ടി ഓടിച്ചു കൊണ്ടിരുന്ന ആസുര ശക്തിയുടെ വേഗത കുറയും. അടുക്കുംതോറും അവൻ അകന്നു മാറും, പാഞ്ഞടുക്കൂ, അവൻ ഓടി മറയും. തീർച്ച. നാം ഭയക്കുന്നതൊക്കെ നമ്മേക്കാൾ ഭീരുക്കളാണ്. സധൈര്യം നേരിടൂ. നഷ്ടപ്പെട്ടുപോയതോരോന്നും തിരിച്ചു പിടിക്കൂ. ആരും ആരുടേയും സ്വന്തമല്ല, അടിമകളുമല്ല. വേദന അനുഭവിക്കുന്നത് ശരീരമായിരിക്കണം മനസ്സായിരിക്കരുത്. സ്വാതന്ത്ര്യത്തിന്റെ മധുരം ആസ്വദിക്കൂ.