← Back to Blog & Journal•News & Updates
NewsJanuary 1, 20153 min read

The Truth of Being Me

By M. B. Padmakumar

എല്ലാ ദിവസവും എനിക്ക് ഓരോ പുതിയ ജന്മങ്ങളാണ്. ഓരോ രാത്രിയും അവസാന രാത്രിയും. പുതിയ വർഷം തുടർച്ചയായിട്ടേ എനിക്ക് കാണാൻ കഴിയൂ...

എല്ലാ ദിവസവും എനിക്ക് ഓരോ പുതിയ ജന്മങ്ങളാണ്. ഓരോ രാത്രിയും അവസാന രാത്രിയും. പുതിയ വർഷം തുടർച്ചയായിട്ടേ എനിക്ക് കാണാൻ കഴിയൂ. ആഘോഷങ്ങളുടെ നല്ല ഓർമ്മകൾ ശേഷിച്ചില്ലാത്തതായിരിക്കാം അട്ടഹാസങ്ങളിലും ആർത്തിരമ്പലിലും ഞാൻ ഉൾവലിയുന്നത്. ബാല്യകാലം എന്നെ പഠിപ്പിച്ചത് വർത്തമാനകാലത്തിൽ നിൽക്കുവാനാണ്. ഭൂതവും ഭാവിയും സ്വപ്നത്തിന്റെ ഭാഗം മാത്രമാണെന്ന തിരിച്ചറിവിൽ, ഞാൻ സ്വയം ഒതുങ്ങിപ്പോയത്. വർത്തമാനകാലത്തിലെ പകൽ സ്വപ്നങ്ങളൊക്കെ എന്റെ ലക്ഷ്യങ്ങളുടെ നിറമുള്ള സങ്കൽപ്പങ്ങളായിരുന്നു. സ്വയം അറിഞ്ഞ പാഠങ്ങളൊക്കെ സഹജീവികളെ രസിപ്പിച്ചില്ല. സ്വാർത്ഥത, അപക്വത തുടങ്ങിയ കുറ്റപ്പെടുത്തലുകളിലേക്ക് നയിച്ചു. പിന്നെ ശരിയും തെറ്റും അന്വേഷിച്ചിറങ്ങി. ബന്ധനങ്ങൾ മുറിഞ്ഞ് പോയ്ക്കൊണ്ടിരുന്നപ്പോൾ എന്റെ ചിറകുകളുടെ വേഗവും കൂടിവന്നു. അനന്ത വിഹായസിൽ പറന്നാസ്വദിക്കുന്നവരോടൊപ്പം ഞാനും കൂടി. പറന്ന് പറന്ന് എന്റെ ചിറകുകൾ കുഴഞ്ഞ് തുടങ്ങി, തെറ്റുകളിലെ ശരികളിൽ എനിക്കെന്നെ കാണാൻ കഴിഞ്ഞില്ല. എവിടെയോ തനിച്ചിരിക്കുന്ന എന്നിലെ എന്നെത്തേടി ഞാൻ തിരിച്ചു പറന്നു.

ശരി ഞാനെന്ന സത്യം, ചിറകുകൾ അരിഞ്ഞുകളഞ്ഞ് മടങ്ങിയെത്തി. അഗ്നിശുദ്ധി ചെയ്യാനുള്ള തയ്യാറെടുപ്പോടെ. ഈ പ്രക്രിയയ്ക്ക് സമയം അധികം വേണമെന്നറിയാം. ഉണരാത്ത ഏതെങ്കിലും രാത്രിയുണ്ടായാൽ, ഒരു നല്ല മനുഷ്യന്റെ സ്വച്ഛതമായ ഉറക്കമായിരിക്കണമെന്ന പ്രാർത്ഥന. കഴിഞ്ഞ കാലം യാഥാർത്ഥ്യമായി തോന്നുന്നുവെങ്കിൽ, അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് മാപ്പ് ചോദിക്കുന്നു. എന്നെ മാത്രം അറിഞ്ഞ ഒപ്പമുള്ളവർക്ക് ഒരായിരം നന്ദിയും. എല്ലാവർക്കും നല്ല നിമിഷങ്ങൾ ഉണ്ടാവട്ടെ, ഞാനും നിങ്ങളാണെന്ന സത്യം പ്രകൃതി പറഞ്ഞുതരട്ടെ!