← Back to Blog & Journal•News & Updates
NewsJanuary 30, 20153 min read

Love: A Soul's Awakening

By M. B. Padmakumar

പ്രണയം, അവാച്യമായ അനുഭൂതികളുടെ ആഴങ്ങൾ തേടിയുള്ള യാത്രയാണ്. ഇണചേർന്നു കിടക്കുന്ന അദൃശ്യ വൈകാരിക തലം...

പ്രണയം, അവാച്യമായ അനുഭൂതികളുടെ ആഴങ്ങൾ തേടിയുള്ള യാത്രയാണ്. ഇണചേർന്നു കിടക്കുന്ന അദൃശ്യ വൈകാരിക തലം. ഭൗതിക ഉപരിപ്ലവ ചിന്തകൾക്കപ്പുറം ആത്മീയതയുടെ ആന്തരിക സത്തയുടെ അനുഭവതലം. മനസ്സും ശരീരവും സംഗമിക്കുമ്പോൾ പ്രപഞ്ചം ഒന്നായിത്തീരുന്ന ആ അപൂർവ്വ നിമിഷം. ഭൂതവും ഭാവിയും ശൂന്യത മാത്രമാകുമ്പോൾ വർത്തമാനകാലമെന്ന യാഥാർത്ഥ്യം അനുഭവത്തിനു സാക്ഷിയാവുന്നു.

എല്ലാം മറന്ന് രണ്ട് ശരീരങ്ങളിൽ ഒരു മനസ്സ് രൂപപ്പെടുമ്പോൾ, ശ്വാസനിശ്വാസങ്ങളുടെ താളം പ്രകൃതിയിൽ ലയിക്കുന്നു. ശരീരം സ്വയം സൃഷ്ടിയിലൂടെ ഈശ്വരീയമാകുന്നു. കൊക്കിറക്കി തേൻ നുകരുന്ന കുരുവിയും കുരുവിയെ തന്നിലേക്ക് ആവാഹിച്ച പൂവിന്റെ അനുഭൂതിയും പ്രപഞ്ച സത്യമാണ്. മനുഷ്യൻ കെട്ടിയിട്ടു പറപ്പിക്കുന്ന ബന്ധങ്ങൾക്കപ്പുറം കൂടു തേടി അലയുന്ന ജന്മങ്ങൾ ഒരുപാടുണ്ട്. സ്വയം ശപിച്ച് ഒടുങ്ങാതെ സ്വീകരിക്കണം, ജന്മങ്ങൾ പൂർണ്ണമാകാൻ. പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും പ്രണയ ഭാവമുണ്ട്. തന്റെ ഇണയെ കണ്ടെത്തിയാൽ, നാമറിയാതെ മറ നീക്കി കൊടുങ്കാറ്റു പോലെ അത് പുറത്തുവരും. ആർക്ക് ആരോടെന്നുള്ളത് തികച്ചും പ്രകൃതിയുടെ സ്വകാര്യതയാണ്. മതമോ ജാതിയോ ഭാഷയോ രൂപമോ ഒന്നും ഇല്ലാത്ത ജീവ ഭാവം, പ്രണയ ഭാവം.