A Cinema Story (Published in Malayala Manorama)
സിനിമാലോകം പലർക്കും വർണ്ണപ്പകിട്ടിന്റെ വിസ്മയ അനുഭവമാണ്. അഭൗമ പരിവേഷത്തിന്റെ മായക്കാഴ്ചയാണത്. ഈ മായക്കാഴ്ചയുടെ അപ്പുറത്തുള്ള യാഥാർത്ഥ്യം പക്ഷേ...
സിനിമാലോകം പലർക്കും വർണ്ണപ്പകിട്ടിന്റെ വിസ്മയ അനുഭവമാണ്. അഭൗമ പരിവേഷത്തിന്റെ മായക്കാഴ്ചയാണത്. ഈ മായക്കാഴ്ചയുടെ അപ്പുറത്തുള്ള യാഥാർത്ഥ്യം പക്ഷേ, നിർവ്വചനങ്ങൾക്ക് വഴങ്ങാത്ത ഭാഗ്യനിർഭാഗ്യങ്ങളുടെ സന്ദിഗ്ദ്ധ സമവാക്യങ്ങളാണ്. ചലച്ചിത്ര ലോകത്തിന്റെ ഈ പൊതുയാഥാർത്ഥ്യത്തിൽ നിന്ന് മലയാള സിനിമയും മുക്തമല്ല. വർഷാ വർഷമിറങ്ങുന്ന മലയാള സിനിമകളുടെ വിജയ പരാജയങ്ങളും ലാഭനഷ്ടക്കണക്കുകളും വെളിപ്പെടുത്തുന്ന സത്യങ്ങൾ കേട്ട് നമ്മൾ മൂക്കത്ത് വിരൽ വയ്ക്കാറുണ്ട്. ചാനൽ റൈറ്റ്സും തീയറ്റർ വരുമാനവും കൂട്ടിക്കിഴിച്ച് നിരത്തുന്ന ഈ കണക്കുകളിൽ നഷ്ടത്തിന്റെ പട്ടികയിൽ പെടാത്ത വലിയൊരു വിഭാഗം സിനിമകളുമുണ്ട്. പ്രേക്ഷകരിലേക്ക് എത്താത്ത, അല്ലെങ്കിൽ എത്തിക്കാത്ത അതുമല്ലെങ്കിൽ പ്രേക്ഷകർ സ്വീകരിക്കാത്ത സിനിമകൾ. എന്റെ അനുഭവം അത്തരത്തിലുള്ളതാണ്, ഒരു സിനിമാക്കഥ…
കലാകാരൻ സ്വന്തം കലാസൃഷ്ടി വിപണനവസ്തു കൂടിയാണെന്ന് മനസ്സിലാക്കാൻ മറന്നുപോയവരുടെ കൂട്ടത്തിൽ എന്റെയും പേരെഴുതിച്ചേർക്കാം. പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയുടെ മാനസികാവസ്ഥയോടെയാണ് ആദ്യ സിനിമാസംരംഭം ഞാൻ ആരംഭിച്ചത്. സത്യസന്ധവും ആത്മാർത്ഥവുമായ സമീപനമാണ് ഞാൻ ഇതിനുവേണ്ടി നടത്തിയത്. രക്ഷിതാവിന്റെ സ്ഥാനത്തുനിന്ന നിർമ്മാതാവിനും ഇതേ ആത്മാർത്ഥതയായിരുന്നു. അതിന്റെ പിൻബലത്തോടെ കിട്ടാവുന്ന എല്ലാ മുന്തിയ സാങ്കേതിക വിദ്യകളും, കണ്ടതും കേട്ടതും അറിഞ്ഞതും പഠിച്ചതുമായ എല്ലാ അനുഭവങ്ങളും ചേർത്തു വച്ച് ഒരു സിനിമ എടുത്തത്. എല്ലാം ഭംഗിയാക്കിയതിന്റെ വിശ്വാസത്തോടെയാണ് മുന്നോട്ട് നീങ്ങിയത്. എല്ലാവരും ഗംഭീരം, ധീരമായ കാഴ്ചപ്പാട് എന്നൊക്കെ പറഞ്ഞപ്പോൾ ആ ആത്മവിശ്വാസം ഇരട്ടിച്ചു.
എന്നാൽ വാക്കുകൾക്കും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു വിധി എന്നതാണ് സത്യം. മലയാളിക്ക് അന്യമെന്നു പറയുന്ന, അല്ലെങ്കിൽ അറിയില്ല എന്നു നടിക്കുന്ന “സ്വവർഗ്ഗ പ്രണയം” വിഷയമാക്കിയെന്നതായിരുന്നു എന്റെ കുറ്റം. ഇതിന്റെ പേരിൽ “മൈ ലൈഫ് പാർട്ടണർ” എന്ന എന്റെ ആദ്യ സിനിമ തിരശ്ശീലയിൽ നിറങ്ങളാവാതെ ഇരുട്ടിലേക്ക് മറഞ്ഞു. സിനിമയെന്ന വിശ്വകലയുടെ അവസാനവാക്ക് കലാകാരനല്ല മറിച്ച് മറ്റാരൊക്കെയോ ആണെന്നുള്ള തിരിച്ചറിവിൽ ഞാൻ മരവിച്ചു പോയി. ഞാൻ ചെയ്തത് ഉദാത്തമായ ഒരു സൃഷ്ടിയല്ലെന്നറിയാം, എന്നാൽ അതിൽ സത്യസന്ധമായ ഒരു സമീപനമുണ്ട്. സ്വവർഗ്ഗ പ്രണയികളുടെ മാനസിക തലത്തിലൂടെയല്ല സിനിമ സഞ്ചരിച്ചത്. പുറത്തുപറയാൻ മടിക്കുന്ന ഒരു യാഥാർത്ഥ്യം കുടുംബ ബന്ധങ്ങളിലെ താളപ്പിഴകളിലൂടെ, സഭ്യമായ ഭാഷയിൽ തുറന്നു കാട്ടുക മാത്രമാണ് ചെയ്തത്.
സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സമയത്താണ് സ്വവർഗ്ഗപ്രണയത്തെ ഇൻഡ്യയിൽ നിരോധിച്ചുകൊണ്ടുള്ള വിധി വന്നത്. വിവാദവിഷയം പ്രമേയമാക്കി ഒരു സിനിമ മലയാളത്തിൽ പിറക്കുന്നു എന്ന വാർത്ത സിനിമക്ക് തിരിച്ചടിയായി. വിഷയത്തിന്റെ പേരിൽ ഒരു സിനിമക്ക് പ്രദർശനാനുമതി നിഷേധിക്കാതിരിക്കാൻ ഞാൻ പലരേയും സമീപിച്ചു. മലയാള സിനിമയെ ഇന്ന് നിയന്ത്രിക്കുന്നു എന്ന് കരുതപ്പെടുന്ന ആൾക്കാരേയും, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളേയും ഞാൻ സമീപിച്ച് നോക്കി. അവസാനം നാലു തീയറ്ററുകൾ തുറന്നുകിട്ടി. എരിവും പുളിയും ചേർത്ത അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തീയറ്ററുകളുടെ ഇരുണ്ട കോണിലേക്ക് വലിച്ചിട്ട “മൈ ലൈഫ് പാർട്ടണർ” പ്രേക്ഷകരുടെ കാഴ്ചവട്ടത്തിൽ തെളിയാതെ പോയി. സിനിമ കണ്ടവർ പ്രോത്സാഹിപ്പിക്കുമ്പോഴും നിർമ്മാതാവിന്റെ കണ്ണുകളിലെ നിസ്സഹായതയിൽ ഞാൻ പ്രജ്ഞയറ്റ് നിൽക്കുന്നു. റിലീസ് ചെയ്യാൻ സർക്കാർ തീയറ്ററുകൾ വാടകക്ക് എടുക്കുവാനും തീയറ്ററുകളിൽ കൂലിക്ക് ആളെ എത്തിക്കുവാനും നിർദ്ദേശിച്ച സിനിമയെ ഉദ്ധരിക്കുവാൻ ചുമതലയുള്ളവരുടെ മറുപടിയാണ് വിചിത്രമായി തോന്നിയത്.
ചലച്ചിത്ര മേഖല വളരെ ചെറുപ്പം മുതല്ക്കേ എന്റെ സ്വപ്നമായിരുന്നു. ചാനലുകളിലെ അവതാരകനിൽ നിന്നും സിനിമയിലേക്കുള്ള വഴി എനിക്ക് തുറന്നുകിട്ടി. സംവിധാനം പഠിക്കാൻ ആദ്യം സമീപിച്ചത് ജയരാജ് സാറിനെയായിരുന്നു. എന്നാൽ എന്നെ ഒരു നടനായി സിനിമയിൽ അദ്ദേഹം വിളക്കിച്ചേർത്തു. അങ്ങനെ “അശ്വാരൂഢൻ“ എന്ന സിനിമയിൽ ക്യാമറയുടെ മുൻപിൽ നിന്ന് സിനിമയെ കണ്ടു തുടങ്ങി. ഒരുപാടുപേരെപ്പോലെ ലോഹിതദാസ് സാറിനോടൊപ്പം നിൽക്കുക എന്റെയും മോഹമായിരുന്നു. ചാനലിൽ നിന്നും കിട്ടിയ പരിചയം വച്ച് ഞാൻ അദ്ദേഹത്തെ നിരന്തരം വിളിക്കാറുണ്ടായിരുന്നു. “നിവേദ്യം“ എന്ന സിനിമയിലെ വില്ലനിലൂടെ എനിക്കും അദ്ദേഹത്തോടൊപ്പം നിൽക്കാൻ അവസരം ലഭിച്ചു. സിനിമയെ അടുത്തറിയാനുള്ള അവസരങ്ങളായിരുന്നു അദ്ദേഹത്തോടൊപ്പമുള്ള യാത്രകൾ. അടുത്ത ചിത്രത്തിൽ സംവിധാന സഹായി ആക്കാമെന്ന് അദ്ദേഹം ഏറ്റതാണ്. വിധിവൈപരീത്യം; എല്ലാമറിഞ്ഞ ലോഹി സാർ കഥകളുറങ്ങാത്ത അമരാവതിയിലെ മണ്ണിലേക്ക് മടങ്ങിപ്പോയപ്പോൾ അസ്തിത്വം നഷ്ടപ്പെട്ടുപോയവരിൽ ഞാനുമുണ്ടായി.
പിന്നീട് പല പ്രഗത്ഭരേയും തേടിപ്പോയി. മമ്മൂട്ടി സാറാണ് അല്പം കനിവ് കാട്ടിയത്, “കുട്ടിസ്രാങ്കിലും” “പട്ടണത്തിൽ ഭൂത”ത്തിലും അദ്ദേഹമാണ് ശുപാർശ ചെയ്തത്. “കുട്ടിസ്രാങ്കിൽ” കൂടി ഷാജി.N.കരുൺ സാറുമായി അടുത്ത് ഇടപഴകുവാൻ സാധിച്ചു. “സൈലന്റ് കളേഴ്സ്“ എന്ന എന്റെ ഹ്രസ്വ ചിത്രം മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചപ്പോൾ ഷാജി സാറും ഒപ്പമുണ്ടായിരുന്നു. അദ്ദേഹം തന്ന പ്രചോദനവും, പിന്നീട് കണ്ടുമുട്ടിയ ബാബു തിരുവല്ല സാറും എനിക്ക് ആത്മവിശ്വാസം വർദ്ധിപ്പിച്ചു. സിനിമയിലേക്ക് ആഴത്തിലിറങ്ങിയപ്പോൾ ജീവിതം വഴിമുട്ടി. അങ്ങനെ സീരിയലുകളിലേക്ക് ചേക്കേറി. രാപകൽ പണിയെടുത്ത് ജീവിക്കുന്ന സീരിയൽ കലാകാരന്മാരിലേക്ക് ഞാനും വഴുതിവീണു. സ്വീകരണ മുറിയിലെ രസക്കൂട്ടുകളാകുന്ന സീരിയൽ കലാകാരന്മാർക്ക് ജീവിതത്തിൽ നിറമുള്ള നിമിഷങ്ങൾ വളരെക്കുറവാണ്. സീരിയലുകളിൽ സജീവമായതുകൊണ്ട് സിനിമയിലേക്കുള്ള വാതിലുകളും കൊട്ടിയടക്കപ്പെട്ടു.
എല്ലാം മാറ്റിവച്ച് സ്വന്തം സിനിമ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ എന്നെ പ്രേരിപ്പിച്ചത് നല്ല സുഹൃദ്ബന്ധങ്ങൾ തന്നെയായിരുന്നു. അങ്ങനെ അധികം ആരും അറിയാതെപോയ ഒരു സിനിമയിലൂടെ ഞാനും ഒരു ചലച്ചിത്രകാരനായി. സിനിമയിൽ ഒരു സ്പേസ്, സിനിമ പഠിക്കുവാനും, നല്ല സിനിമകൾ ചെയ്യുവാനും അവ പ്രേക്ഷകരിലെത്തിക്കുവാനുമുള്ള സത്യസന്ധമായ ആഗ്രഹം, അതു മാത്രമാണുണ്ടായിരുന്നത്.
“മൈ ലൈഫ് പാർട്ടണറും” ഞാനും ചെറിയ ഒരു ഉദാഹരണം മാത്രമാണ്. വരാനിരിക്കുന്നവരും, വന്ന് പരാജയപ്പെട്ട് മടങ്ങിപ്പോയവരും ധാരാളമുണ്ട്. അർഹതയുള്ളവരെ നിലനിർത്താൻ ഒരു ചട്ടക്കൂടുണ്ടാക്കേണ്ടത് മലയാള സിനിമയുടെ കടമയാണ്. ഓരോ നക്ഷത്രത്തിളക്കത്തിന്റെ പിന്നിലും ഒരേ ഒരു വ്യക്തിയുടെ വിയർപ്പിന്റെ നനവുണ്ടാവും. ഇവിടെ റെജിമോൻ കപ്പപ്പറമ്പിൽ എന്ന നിർമ്മാതാവ് എന്നെ നോക്കുമ്പോൾ, പ്രതിഫലം വേണ്ടാ എന്നു പറയുവാനേ എനിക്കു പറ്റുന്നുള്ളൂ.
ശ്വാസത്തിന്റെ താളവും ഹൃദയമിടിപ്പും എല്ലാ മനുഷ്യരിലും ഒരുപോലെയാണ്. രൂപത്തിലും ഭാവത്തിലും കഴിവിലും ഉള്ള വ്യത്യാസം പുറത്ത് നിന്ന് നോക്കി സ്വയം വാഴ്ത്തുവാനല്ല മറിച്ച് ഉള്ളിൽ നിന്ന് മറ്റുള്ളവരെ കാണുവാനാണ് ശ്രമിക്കേണ്ടത്. തീർച്ചയായും സിനിമ കച്ചവട സാധ്യത മുന്നിൽ കാണേണ്ട ഒരു മേഖല തന്നെയാണ്, പക്ഷേ സമൂഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന മാധ്യമമെന്ന നിലയിൽ അധികൃതർക്ക് സിനിമയിലെ കലാമൂല്യത്തേയും പുതിയ പ്രതിഭകളേയും തള്ളിക്കളയാനാവില്ല.
ഓരോ പ്രഭാതവും ഓരോ ജന്മമാണ്. ജനിക്കുന്നത് എന്നിൽ നിന്നാണെങ്കിൽ മരിക്കുന്നതും എന്നിലേക്ക് തന്നെയായിരിക്കും. കുറ്റം ചാരിയും സ്വയം പഴിച്ചും ജീവിച്ച് ജീർണ്ണിക്കുന്നതിനോട് താല്പര്യമില്ലാത്തതുകൊണ്ട്, മറ്റൊരു സിനിമയുടെ പണിപ്പുരയിലേക്ക് കയറുകയാണ്, അറിവും അനുഭവവും ചേർത്തുവെച്ച്, വീണ്ടുമൊരു കയ്പ്പേറിയ അനുഭവകഥകൂടി പറയാനിടവരുത്തരുതേയെന്ന് പ്രാർത്ഥിച്ചുകൊണ്ട്.