Is a Flute-Playing Krishna Idol Inauspicious?
ഭഗവാൻ ഓടക്കുഴൽ വായിക്കുന്നത് ഗോക്കളെ മേയ്ക്കുന്ന സമയത്താണ്. പ്രണവമാകുന്ന ഓംകാര നാദമാണ് ഓടക്കുഴൽ വിളി. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് കൃഷ്ണവിഗ്രഹങ്ങളിൽ നിന്ന്...
ഭഗവാൻ ഓടക്കുഴൽ വായിക്കുന്നത് ഗോക്കളെ മേയ്ക്കുന്ന സമയത്താണ്. പശുക്കൾ മേയുന്നതും, അരുവിയിൽ നിന്ന് വെള്ളം കുടിക്കുന്നതും, കിടാവിന് പാൽ ചുരത്തുന്നതും, ഇണചേരുന്നതും, വിശ്രമിക്കുന്നതും തുടങ്ങി സർവ്വ കർമ്മവും ചെയ്യുന്നത് ഓടക്കുഴൽ നാദം കേട്ടുകൊണ്ടാണ്. അവയുടെ ശ്രദ്ധ ഈ ഓടക്കുഴൽ വിളിയിൽ ഉറപ്പിച്ച് നിർത്തുന്നതിനാൽ ആ നാദത്തിന്റെ പരിധിവിട്ട് അവ എങ്ങും പോകുന്നില്ല. അവ എപ്പോഴും ശ്രീകൃഷ്ണ ഭഗവാന്റെ സംരക്ഷണ വലയത്തിലായിരിക്കും. ഏതെങ്കിലും പശു നാദത്തിൽ ശ്രദ്ധിക്കാതെ പരിധിവിട്ട് അകന്ന് പോയാൽ, അതിന്റെ വഴികൾ അപകടത്തിലേക്കായിരിക്കും നയിക്കുക.
“നവദ്വാരേ പുരേ ദേഹി” — ഒൻപത് ദ്വാരങ്ങളുള്ള പുരയിൽ വസിക്കുന്നവനാണ് ആത്മാവ് എന്ന് ഗീതയിൽ പറയുമ്പോൾ, നമ്മുടെ ശരീരത്തിന് ഒൻപത് ദ്വാരങ്ങളാണ് ഉള്ളത്, അതുപോലെ ഓടക്കുഴലിനും ഒൻപത് ദ്വാരങ്ങൾ ഉണ്ട്. ആത്മാവെന്നാൽ ഈശ്വരൻ, ഈ രണ്ടിടത്തും ശ്രീകൃഷ്ണൻ ആത്മാവായി കുടികൊള്ളുന്നു എന്ന് വേണം കരുതുവാൻ. പ്രണവമാകുന്ന ഓംകാര നാദമാണ് ഓടക്കുഴൽ വിളി. ബ്രഹ്മത്തിന്റെ അഥവാ ഈശ്വരന്റെ അടയാളമായ ഓംകാരനാദത്തിൽ ശ്രദ്ധ ഊന്നി വേണം നാം ഓരോ കർമ്മവും ചെയ്യേണ്ടത്. അങ്ങനെ ചെയ്താൽ പശുക്കളെപ്പോലെ നാം സദാ ഭഗവാന്റെ സംരക്ഷണവലയത്തിലായിരിക്കും. ഇത്ര പവിത്രമായ ഓടക്കുഴൽ ഭഗവാൻ തന്നെയാവുമ്പോൾ എന്തിന് കൃഷ്ണവിഗ്രഹങ്ങളിൽ നിന്നും ഓടക്കുഴൽ നീക്കം ചെയ്യുന്നു?
“യത്കരോഷി യദശ്നാസി
യജ്ജുഹോഷി ദദാസി യത്
യത് തപസ്യസി കൗന്തേയ
തത് കുരുഷ്വ മദർപ്പണം”
അല്ലയോ അർജ്ജുന, നീ എന്ത് ചെയ്താലും, എന്ത് ഭുജിച്ചാലും, എന്ത് ഹോമിച്ചാലും, എന്ത് ദാനം ചെയ്താലും, എന്ത് തപസ്സ് ചെയ്താലും അതെല്ലാം എനിക്കുള്ള അർപ്പണമായി ചെയ്യുക.