“Nivedyam” — A Journey into the Soul
“എന്ത് അധർമ്മം ഉണ്ടാവുമ്പോഴും അതിനെതിരെ നമ്മുളുടെ ഉള്ളിന്റെ ഉള്ളിൽ ഭഗവാൻ അവതരിക്കും. അനീതിയും അക്രമവുമൊക്കെക്കാണുമ്പോൾ എല്ലാവരുടെ ഉള്ളിലും ഒരാൾ ഉണരുന്നുണ്ട്...“
“എന്ത് അധർമ്മം ഉണ്ടാവുമ്പോഴും അതിനെതിരെ നമ്മുളുടെ ഉള്ളിന്റെ ഉള്ളിൽ ഭഗവാൻ അവതരിക്കും. അനീതിയും അക്രമവുമൊക്കെക്കാണുമ്പോൾ എല്ലാവരുടെ ഉള്ളിലും ഒരാൾ ഉണരുന്നുണ്ട്. ഈശ്വരൻ. പലരും അതറിയുന്നില്ലെന്നേയുള്ളൂ.” “നിവേദ്യം” പറഞ്ഞു തന്നത് ഈയൊരു യാഥാർത്ഥ്യമാണ്. കണ്ടു പഴകിയ കഥ, “കസ്തൂരിമാൻ” കോപ്പി എന്നു പറഞ്ഞു നടന്നവരുടെ മനസ്സിൽ അവതരിച്ച വികാരമെന്തെന്നറിയില്ല. എങ്കിലും, അടുത്തറിഞ്ഞ, കണ്ടുമനസ്സിലാക്കിയ, ഭാഗമായ ആളെന്ന നിലയിൽ ആറ് വർഷം കഴിഞ്ഞിട്ടും ആ ചിത്രത്തിന്റെ ആത്മാവിലൂടെ ഒരു യാത്രക്ക് ശ്രമിക്കുന്നു.
സംരക്ഷണം സ്വയം ഏറ്റെടുക്കേണ്ടി വരുന്ന ജന്മങ്ങൾക്ക് ആശ്രയം ഈശ്വരൻ മാത്രമായിരിക്കും. ഇവിടെ സത്യഭാമക്കും ആശ്രയം ഈശ്വരൻ തന്നെ. പെൺകുട്ടികൾ പുസ്തകത്താളുകളിൽ ഒളിപ്പിച്ചു വച്ച മയിൽപ്പീലിയിൽ അവരുടെ സ്വപ്നങ്ങളാണ്, കൃഷ്ണനെന്ന അവരുടെ സംരക്ഷണം. കൃഷ്ണനെപ്പോലെ ഒരു പുരുഷൻ, ഭക്തരുടെ മനസ്സറിയാവുന്ന അവരെ സ്നേഹിക്കുന്ന ഒരു സുഹൃത്ത്. നാലമ്പലത്തിൽ സ്ത്രീകൾക്ക് വിലക്കുണ്ടായിരുന്നിട്ടും സത്യഭാമ കണ്ട അഭയം അവിടെയാണ്, ഭഗവാന്റെ കൺമുൻപിൽ. ഒന്നു കണ്ണു അടച്ചാൽ കൊത്തിപ്പറിക്കാൻ നിൽക്കുന്ന മുറച്ചെറുക്കൻ സുരേന്ദ്രൻ, മറുവശത്ത് ഏതുവിധേനയും ഒഴിവാക്കാൻ ശ്രമിക്കുന്ന ചെറിയമ്മയും സമൂഹവും, അനാഥത്വത്തിന്റെ അഗ്നിപരീക്ഷണങ്ങൾ.
സമൂഹത്തിന്റെ മുൻപിൽ ക്ഷേത്രവാസം ഒരു പെൺകുട്ടിക്ക് നിഷിദ്ധമെങ്കിലും, ഭഗവാൻ അവൾക്കഭയമായി: “ക്ഷേത്രത്തിൽ എലികൾക്കും അണ്ണാറക്കണ്ണന്മാർക്കും പ്രാവുകൾക്കും കൂടുവെയ്ക്കാം. ഒരു പാവം പെൺകുട്ടിക്ക് എന്തുകൊണ്ട് പാടില്ല?” ധർമ്മസംസ്ഥാപനത്തിനായി ഭഗവാൻ അവതരിച്ചു, മോഹനകൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ മനസ്സിൽ. ഒരു നിയോഗം പോലെ മോഹനകൃഷ്ണൻ എത്തി, സത്യഭാമയുടെ സംരക്ഷകനായി. സംഗീതത്തിന്റെയും തമാശകളുടേയും ലോകത്തുകൂടി അവൻ പിഴുതെറിഞ്ഞു, അധർമ്മത്തിന്റെ വേരുകളോരോന്നും. സിനിമ അവസാനിക്കുന്നിടത്തു നിന്ന് ചിന്തകൾ തുടങ്ങുന്നു. സ്വയം കണ്ടെത്താനുള്ള ഒരു പ്രേരണ.
ഒരു നിയോഗം പോലെയായിരുന്നു ഈ സിനിമയിലേക്കുള്ള എന്റെയും വഴി. സിനിമ പഠിക്കാനാണ് സിനിമയെ സമീപിച്ചത്. ലോഹിതദാസ് എന്ന പ്രതിഭയുടെ അടുത്തെത്താൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട് ഞാൻ. എത്തിപ്പെട്ടത് ഒരു പകരക്കാരനായാണ്. സുരേന്ദ്രൻ എന്ന കഥാപാത്രത്തിന് അദ്ദേഹം കണ്ടെത്തിയിരുന്നത് തമിഴിൽ നിന്നും ഒരു നടനെയായിരുന്നു, ഞാൻ അതിലെ ചെറിയ ഒരു കഥാപാത്രവും. വിധിച്ചതേ നടക്കൂ എന്നു പറയുന്നതുപോലെ സംഭവിച്ചു, സുരേന്ദ്രൻ എന്നിലേക്ക് എത്തി. അജീത് ശങ്കർ എന്ന ഫോട്ടോഗ്രാഫറുടെ ക്ലിക്കിൽ, ലോഹി സാർ സുരേന്ദ്രനെ എന്നിൽ കണ്ടു. സന്തോഷം തോന്നിയത് കഥാപാത്രം കിട്ടിയതിലല്ല, ലോഹി സാറിന്റെ കൂടെ നിൽക്കുവാൻ കിട്ടിയ അവസരത്തിലാണ്. പിന്നെ ഒപ്പമുണ്ടായിരുന്നു, ലോഹിതദാസ് എന്ന ആരും കാണാത്ത പച്ചയായ മനുഷ്യനെ കണ്ടും, കേട്ടും, അടുത്തറിഞ്ഞും, മരണത്തിന്റെ ഒരാഴ്ച മുൻപുവരെ...
അദ്ദേഹത്തെ അടുത്തറിഞ്ഞവരൊക്കെ സമർപ്പിച്ചിട്ടുണ്ട്, അവരുടെ ജന്മങ്ങൾ, നിവേദ്യമായി. ദേഹമേ നശിക്കൂ ദേഹി ഇപ്പോഴും ഇവിടെത്തന്നെയുണ്ടാവാം..