The Vision Behind ‘My Life Partner’
‘My Life Partner’, നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു...
‘My Life Partner’, നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. സാധാരണ കണ്ടുവരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായാണ് ചിത്രം ഒരുക്കുവാൻ ശ്രമിക്കുന്നത്. നിയമം വിലക്ക് കൽപ്പിക്കുമ്പോഴും സ്വവർഗ്ഗരതിയെന്ന അവസ്ഥയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ഒരു ശ്രമമാണ് ഈ സിനിമ. പലരും തെറ്റിദ്ധരിക്കുന്നതുപോലെ അശ്ലീലരംഗങ്ങൾ ഉൾപ്പെടുത്തി സിനിമ കൊഴുപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ശാരീരിക ബന്ധങ്ങൾക്കപ്പുറം മാനസികമായ അവസ്ഥയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
റിച്ചാർഡും കിരണുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. സമാനങ്ങളായ ജീവിതാനുഭവങ്ങൾ അവരെ തമ്മിൽ അടുപ്പിച്ചു. ഒരുമിച്ച് ജീവിക്കാൻ ഒരാണിനും പെണ്ണിനും മാത്രമല്ല നല്ല രണ്ട് സുഹൃത്തുക്കൾക്കും സാധിക്കും എന്ന് അവർ തീരുമാനിച്ചു. റിച്ചാർഡ് പറയുന്നതുപോലെ സ്വപ്നങ്ങളുടേയും നിറങ്ങളുടേയും ലോകമായിരുന്നു അവരുടേത്. അവിടെ അവർ നല്ല സുഹൃത്തുക്കളായും നല്ല രക്ഷിതാക്കളായും നല്ല സഹോദരരായും സന്തോഷത്തോടെ ജീവിച്ചു. അവരുടെ ബന്ധം കൂടുതൽ ഉറപ്പിക്കാൻ ഒരു കുടുംബത്തിന്റെ ആവശ്യകത അവർ ചിന്തിച്ചത് സ്വാഭാവികം മാത്രമാണ്. അവർക്കിടയിൽ “മൂന്നാമതൊരാൾ”, കിരണിന്റെ ബുദ്ധിയായിരുന്നു അത്. അവർ കണ്ടെത്തിയ മൂന്നാമത്തെയാളായിരുന്നു അവരുടെ ജീവിതം മാറ്റി മറിച്ചത്.
കണ്ണിലും മനസ്സിലും ഉടക്കി നിൽക്കുന്ന ചില ചിത്രങ്ങളുടെ പട്ടികയിൽ, ‘My Life Partner’ ഉം ഉണ്ടാകണമെന്ന് ഞാനും ആഗ്രഹിക്കുന്നു. തയ്യാറെടുപ്പ് നീണ്ടതു തന്നെയായിരുന്നു. നിശബ്ദമായാണ് സിനിമയെ ഞാൻ അറിയാൻ ശ്രമിച്ചത്. ആദ്യ ചിത്രത്തിന് നിരവധി വിഷയങ്ങൾ ആലോചിച്ചിരുന്നു. തിരഞ്ഞെടുത്തത് തീ പാറുന്നതാണെന്നറിയാം. വ്യത്യസ്തത എന്നും എനിക്ക് ഇഷ്ടമായിരുന്നു. എല്ലാവർക്കും കാണാൻ കൊള്ളാവുന്ന, അല്ലെങ്കിൽ കാണേണ്ട ഒരു ചിത്രമായിരിക്കും ‘My Life Partner’. താരങ്ങൾക്ക് വേണ്ടി സൃഷ്ടിച്ച കഥാപാത്രങ്ങളൊന്നും സിനിമയിലില്ല. ചില കഥാപാത്രങ്ങൾക്ക് യോജിച്ച മുഖങ്ങൾ താരങ്ങൾക്ക് വന്നതിനാൽ, സമീപിച്ച് നോക്കി. പുതിയ ആളുകൾ നേരിടുന്ന സ്ഥിര അവഗണന ഞാനും ക്രൂരമായി നേരിട്ടു. ഒട്ടും നിരാശ തോന്നിയില്ല, എനിക്ക് വിശ്വാസമാണ് കഥയിൽ, കഥാപാത്രങ്ങളിൽ. ആശ്രയിക്കുന്നത് സുഹൃത്തുക്കളെയാണ്, പ്രേക്ഷകരെയാണ്. ഇതൊരു നല്ല സിനിമയാണെങ്കിൽ പ്രോത്സാഹിപ്പിക്കാൻ. റിച്ചാർഡും കിരണും പവിത്രയും, ഡോക്ടർ ലീലാ അയ്യരും ഫാദർ ഫ്രാൻസിസും, മണിയുമൊക്കെ നിങ്ങൾക്കറിയാവുന്ന ഒരാളായി ഉടനെ എത്തും, സ്വീകരിക്കാൻ സന്മനസ്സ് കാണിക്കണം എന്ന അപേക്ഷ മാത്രം.