← Back to Blog & Journal•News & Updates
Cinema & DirectorialJuly 27, 20133 min read

Lohithadas Without the Rain

By M. B. Padmakumar

ലോഹിതദാസ് എന്ന എഴുത്തുകാരന് മഴയോട് പ്രണയമായിരുന്നില്ല. വെറുപ്പായിരുന്നു. ഭൂതകാലത്തിന്റെ ദാരിദ്ര്യത്തിൽ ഒരു ദുഃസ്വപ്നമായിരുന്നു മഴ...

ഇതുപോലെ ഒരു മഴക്കാലം, അമരാവതിയിലെ പുൽക്കൊടികൾ പോലും മരവിച്ച് മടിച്ച് നിൽക്കുന്നു. വല്ലപ്പോഴും കാർമേഘം വകഞ്ഞു മാറ്റി പുറത്തേക്ക് വരുന്ന വെയിലിനെ നോക്കാൻ പോലും മടിച്ച്, തണുപ്പിന്റെ ആലസ്യത്തിൽ തലകുനിച്ച് നിൽക്കുന്ന മുക്കുറ്റിപ്പൂക്കൾ. മഴത്തുള്ളികളിൽ മാത്രം ഉണരുന്ന കുളത്തിലിറങ്ങാൻ മടിച്ച് കരയിൽ ഇലകളിൽ ചേർന്നിരിക്കുന്ന തവളക്കുഞ്ഞുങ്ങൾ. നെല്ലിമരത്തിന്റെ ഇലകൾ സ്വയം മറന്ന് ചുരുണ്ടു കൂടി കൂമ്പിയിരിക്കുന്നു. സേതുമാധവനും ബാലന്മാഷും, കീരിക്കാടൻ ജോസും, അരവിന്ദനുമൊക്കെ കടന്നു വന്ന പടിപ്പുരവാതിൽ ഇപ്പോഴും അടഞ്ഞുകിടക്കുന്നു. അക്ഷരങ്ങളായി ജനിക്കാതെ പേനയിലെ മഷി ഉറഞ്ഞു തുടങ്ങി. അപ്പോഴും സ്രഷ്ടാവ് ഉറങ്ങാതെ കിടക്കുകയാണ്. ചുറ്റിനും പെയ്യുന്ന മഴയിലും നനയാത്ത മനസ്സുമായി. തന്നെ ഒന്ന് തൊടാൻ പോലും കഴിയാത്ത മഴയെ നോക്കി അഹങ്കാരത്തോടെ.

ലോഹിതദാസ് എന്ന എഴുത്തുകാരന് മഴയോട് പ്രണയമായിരുന്നില്ല. വെറുപ്പായിരുന്നു. ഭൂതകാലത്തിന്റെ ദാരിദ്ര്യത്തിൽ ഒരു ദുഃസ്വപ്നമായിരുന്നു മഴ. കുഞ്ഞിക്കാലുകളെ വളം കടിപ്പിച്ചിരുന്ന, പുസ്തകങ്ങളെ നനയിച്ചിരുന്ന, കുപ്പായത്തെ കുതിർത്തിരുന്ന മഴയിൽ നിന്ന് ഓടിയൊളിക്കാൻ കഴിയാതിരുന്ന ബാല്യകാലം.

ഒരുപാട് പേർക്ക് താങ്ങായി തണലായി വളമായി മാറിയ ഈ കലാകാരൻ ഇവിടെ നിഷ്ക്രിയനാകുന്ന പോലെ. "writers block" എന്ന് സ്വയം വിശേഷിപ്പിച്ച്, സ്വയം തീർത്ത മറയിൽ ചുരുണ്ടു കൂടുന്നു. കഥാപാത്രങ്ങൾ ജനിക്കാതെ പടിവിട്ട് അകന്നു പോകുന്ന കാഴ്ച നിസ്സഹായതയോടെ ഉമ്മറത്ത് നോക്കി നിൽക്കുന്നു.

കണ്ടു മറക്കുന്ന കഥാപാത്രങ്ങളെപ്പോലെ ലോഹിതദാസും ഓർമ്മയായി.... അമരാവതിയിൽ ഇന്ന് കിളിർത്ത പുൽക്കൊടികൾക്കറിയില്ല ഒരു സുവർണ്ണ കാലത്തിന്റെ കാലൊച്ച. ആരും ശ്രദ്ധിക്കാതെ അങ്ങകലെ തലയെടുപ്പോടെ നിൽപ്പുണ്ട് ആ നെല്ലിമരവും, കുറച്ച് മുക്കുറ്റിക്കുഞ്ഞുങ്ങളും, മറ്റൊരു ഭീഷ്മരും, കുഞ്ചൻ നമ്പ്യാരും, രാവണനും വരുമെന്ന പ്രതീക്ഷയോടെ..