Black Days (Karutha Pakalukal)
എന്റെ വൃഷണസഞ്ചിലെ കൈകൾ അടർത്തിമാറ്റണം. ചിന്തകളിലെ മാറാലകൾ തുടച്ചുമാറ്റണം. ദൃഷ്ടികോണിലെവിടെയോ നീലിമ കാഴ്ചയെ വികലമാക്കുന്നു...
എന്റെ വൃഷണസഞ്ചിലെ കൈകൾ അടർത്തിമാറ്റണം. ചിന്തകളിലെ മാറാലകൾ തുടച്ചുമാറ്റണം. ദൃഷ്ടികോണിലെവിടെയോ നീലിമ കാഴ്ചയെ വികലമാക്കുന്നു. ആവർത്തിക്കപ്പെടുന്ന അസ്വസ്ഥത ആത്മഹത്യയുടെ പര്യായമാകുന്നു. നടക്കാനിനിയും ദൂരമേറെ. കാലുകൾ വിറച്ചുതുടങ്ങി. പാദങ്ങൾ മണ്ണിനെ മറന്നു തുടങ്ങി. ദാഹം തീർക്കാൻ ചോരകുടിച്ചവരാരൊക്കെയോ നടന്നു നീങ്ങുന്നപോലെ. തോന്നലുകളായിരിക്കാം. ചോർന്നുപോയതെല്ലാം ദാനങ്ങളായിരുന്നില്ല, ചോദിച്ചു വാങ്ങിയതിനൊക്കെ പ്രതിഫലങ്ങളായി കൊടുത്ത ജീവന്റെ കഷണങ്ങളായിരുന്നു. അസ്വസ്ഥമായ പകലുകളെ ലഹരിക്കു വിട്ടുകൊടുത്ത ഇന്നലകൾ, കറുത്ത വെളിച്ചമായി ചിന്തകളിൽ ഉന്മാദം പടർത്തുന്നു. ബോധം നശിക്കും മുൻപ് കുഴിച്ചു മൂടണം. ഇന്നലകളിനും നാളേക്കുമിടയിൽ ആറടി കുഴിവെട്ടി സ്വയമിറങ്ങി മൂടണം. ഉയർത്തെഴുന്നേൽക്കാതെ കാവലിരിക്കണം. നന്മയുടെ വിത്ത് കരിയുന്നതിന് മുൻപ് മുളപ്പിച്ചെടുക്കണം.
ഇതുവരെ വെട്ടിയ ചതഞ്ഞ ആയുധം വലിച്ചെറിയണം. ഏറിൽ പരിക്കേറ്റവരെ നോക്കാതെ, മൂർച്ചയുള്ള ആയുധം കണ്ടുപിടിക്കണം. നിൽക്കാൻ സമയമായിരിക്കുന്നു. ഇനിയുള്ള കാഴ്ചകളുടെ ഭാരം മസ്തിഷ്കത്തെ തളർത്താതെ, ചിന്തകളിൽ മാറാല വീഴാതെ, വരിയുടക്കുന്ന കൈകൾ തട്ടിമാറ്റി ജീവന്റെ തുടുപ്പിലോരോന്നും ഊർജ്ജസ്രോതസുകളാക്കി ഒരു തുടർ യാത്ര. ഒപ്പം കൊണ്ടുപോകാൻ കുറച്ചുപേർ… കറുത്ത പകലുകളിൽ നന്മയുടെ മിന്നാമിന്നികൾ.