My Birthday Reflections
അച്ഛന്റെ വിരലിൽ പിടിച്ച് പാടവരമ്പത്ത്, അരിച്ചിറങ്ങുന്ന ഇളം വെയിലിൽ കൂടി നടക്കുമ്പോൾ വല്ലാത്ത സുരക്ഷിതത്വം തോന്നും...
അച്ഛന്റെ വിരലിൽ പിടിച്ച് പാടവരമ്പത്ത്, അരിച്ചിറങ്ങുന്ന ഇളം വെയിലിൽ കൂടി നടക്കുമ്പോൾ വല്ലാത്ത സുരക്ഷിതത്വം തോന്നും. നാടൻ പാട്ടും കഥകളും കൊച്ചു വർത്തമാനങ്ങളുമായി അച്ഛന്റെ ചുവടുകൾക്ക് വേഗം കൂടുമ്പോൾ ഒപ്പം നടക്കാനാവാതെ ഞാൻ പകച്ച് നിൽക്കും. കുഞ്ഞിക്കാലൊന്നെടുത്തു വെച്ചാൽ വീഴുമോയെന്ന ഭയം. അങ്ങ് മാറിനിന്ന് അച്ഛൻ വിളിക്കും, ആ വിളിയിൽ എല്ലാം മറന്ന് ഒരു കുതിപ്പാണ്, ഒപ്പമെത്താൻ. പിറന്നാളിന് നെറുകയിൽ തൊട്ടുതരുന്ന തിലകത്തിന്റെ കുളിർമ്മയെക്കാൾ, അച്ഛൻ തരുന്ന ഉമ്മയിലെ വിശ്വാസമാണ് എനിക്കിഷ്ടം. മടിയിലിരുത്തി വാരിത്തരുന്ന ഓരോ ഉരുളയിലുമുണ്ട് സത്യത്തിന്റെ മധുരം.
ഒരിക്കൽ ഞാൻ നിന്നപ്പോൾ അച്ഛൻ വിളിച്ചില്ല. ആ വിളി കേൾക്കാൻ ഞാൻ നടന്നു, അടുത്തെത്താൻ ഓടി നോക്കി. പിന്നെ ഞാൻ കണ്ട അച്ഛന് എന്റെ വിളി കേൾക്കാനും കഴിഞ്ഞില്ല. അവിടെ ഞാൻ തൊട്ടുകൊടുത്ത തിലകത്തെക്കാൾ തണുത്തിരുന്നു അപ്പോൾ അച്ഛന്റെ നെറുക. പിന്നീട് അച്ഛൻ വിളിച്ച് കൂട്ടിന് വരാൻ എന്റെ അമ്മയെയാണ്. മകനെക്കാൾ അച്ഛന് പ്രിയപ്പെട്ടത് എന്നും കൂട്ടിനുണ്ടായിരുന്ന എന്റെ അമ്മയായിരുന്നു എന്ന് അച്ഛൻ പറയുന്നതുപോലെ എനിക്ക് തോന്നി. അമ്മയുടെ ചിത കത്തിത്തീരുന്നതുവരെ കാറ്റ് വീശിയില്ല, മഴ ചാറിയില്ല.
ഇന്ന് ജന്മത്തിന്റെ കണ്ണികൾ നഷ്ടപ്പെട്ടവന്റെ ജന്മദിനം. മക്കളുണ്ടായതിന്റെ സന്തോഷം ആഘോഷിക്കേണ്ടത് മാതാപിതാക്കളാണ്, അവരില്ലാത്ത ഒരു ലോകത്തിൽ ജന്മദിനത്തിന് എന്ത് പ്രസക്തി.
സന്തോഷമുണ്ട് ഓർമ്മിച്ചതിന്, സന്ദേശമയച്ചതിന്…..
എന്നും ഒപ്പമുണ്ടാവണം എന്ന അപേക്ഷ മാത്രം……………….