One More Night for Them (Karkidaka Vavu)
ആർത്തിരമ്പുന്ന സമുദ്രം വിശ്വാസങ്ങളെ ആർത്തിയോടെ വിഴുങ്ങും. കർക്കിടകത്തിന്റെ തണുത്ത രാത്രിയിൽ ചൂട് തേടിപ്പോകുന്ന ജീവനുള്ള ശരീരങ്ങൾ...
ആർത്തിരമ്പുന്ന സമുദ്രം വിശ്വാസങ്ങളെ ആർത്തിയോടെ വിഴുങ്ങും.
ചന്ദ്രനിൽനിന്ന് സൂര്യന്റെ അവസാന കിരണങ്ങളും പിൻവാങ്ങും. പഴങ്കഥകൾ പറഞ്ഞുതീരാത്ത മുത്തശ്ശിയും, മുലപ്പാൽ നുകരുന്ന സുഖമറിയാത്ത അമ്മമാരും, തലോലിച്ച് കൊതിതീരാത്ത അച്ഛന്മാരും, അങ്ങനെ അറിഞ്ഞും അറിയാതെയും പറഞ്ഞും പറയാതെയും, കാഴ്ചകൾ ഉപേക്ഷിച്ചുപോയ ജന്മങ്ങൾക്ക് പ്രകൃതി അനുവദിച്ച ദിനം. ഇരുട്ടിലൂടെ ഒരു കാറ്റായി, ചലനമായി അടുത്തെത്തുന്ന ഉറ്റവർ. ഭാഷയും, വികാരവും വിചാരങ്ങളും അന്യമായ അദൃശ്യത.
ദർഭത്തുമ്പിന്റെ അവസാന ജലത്തുള്ളിയും പിണ്ഡത്തിൽ ഇറ്റിച്ച്, വിശ്വാസത്തിന്റെ കെട്ടഴിച്ച് നദിയിൽ അർപ്പിക്കുമ്പോൾ, ഒരു ബന്ധത്തിന്റെ കടമകൾ തൽക്കാലം വിടവാങ്ങുന്നു. കർക്കിടകത്തിന്റെ തണുത്ത രാത്രിയിൽ ചൂട് തേടിപ്പോകുന്ന ജീവനുള്ള ശരീരങ്ങൾ അറിയുന്നുണ്ടാവില്ല തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യം. ഒന്ന് തൊടാനാവാതെ സംസാരിക്കാനാവാതെ നിസ്സഹായരായി അവർ മടങ്ങും, മറ്റൊരു കറുത്ത വാവിന്റെ കാത്തിരിപ്പോടെ, ഉറ്റവരും ഒപ്പമുണ്ടാവുമെന്ന പ്രതീക്ഷയോടെ……